ഇന്ത്യൻ വാഹനലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനം ജിംനിയുടെ പ്രാരംഭ വില 9.99 ആണെന്ന് റിപ്പോർട്ട്. ജിംനിയുടെ വില പ്രഖ്യാപിക്കും മുമ്പ് വില വിവരം ചോർന്നതായാണ് സൂചന. ഇതു പ്രകാരം സീറ്റ എംടി എന്ന അടിസ്ഥാന വകഭേദത്തിന് 9.99 ലക്ഷവും ആൽഫ ഓട്ടമാറ്റിക് എന്ന ഉയർന്ന വകഭേദത്തിന് 14.33 ലക്ഷം രൂപയുമായിരിക്കും എക്സ്ഷോറൂം വില. എന്നാൽ, ഈ വാർത്തകളോട് മാരുതി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് മാരുതി ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്. മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിർമാണം ഏപ്രിൽ ആരംഭിച്ച് മേയ് മാസത്തിൽ ജിംനി വിപണിയിലെത്തിയേക്കും. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യൻ വിപണിക്ക് നൽകുക. ഒരു വർഷം ഒരു ലക്ഷം യൂണിറ്റ് ജിംനികൾ നിർമിക്കാനാണ് സുസുക്കി പദ്ധതി. ഇതിൽ 66 ശതമാനം പ്രാദേശിക വിപണിക്കും ബാക്കി കയറ്റുമതി ചെയ്യുകയും ചെയ്യും.