അടിമാലി: കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ കോളനിപ്പാലത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. കോട്ടയം എരുമേലി മുട്ടപ്പിള്ളി വെള്ളാപ്പള്ളിൽ ഷാജിയുടെ മകൻ വി.എസ്.അരവിന്ദ് (കണ്ണപ്പൻ–24), തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട തെക്കേക്കര വെളിയത്തുപറമ്പിൽ കനകന്റെ മകൻ കാർത്തിക് (19) എന്നിവരാണു മരിച്ചത്. സുഹൃത്തുക്കളായ ഇവർ ബൈക്കിൽ മൂന്നാർ സന്ദർശിച്ചശേഷം മടങ്ങവേ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
എറണാകുളത്ത് കോഫി ഷോപ്പിൽ ജീവനക്കാരാണ് ഇരുവരും. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠനത്തോടൊപ്പമാണു കാർത്തിക് ജോലി ചെയ്തിരുന്നത്. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. ഒരാഴ്ച മുൻപു വാങ്ങിയ ബൈക്ക് ഓടിച്ചിരുന്നത് അരവിന്ദാണ്. 2 ബൈക്കുകളിലായി, സുഹൃത്തുക്കളായ നാലുപേരാണു വ്യാഴാഴ്ച മൂന്നാർ പോയത്.
അരവിന്ദിന്റെ അമ്മ: രമണി (ബിന്ദു). സഹോദരൻ: ജിത്തു. കാർത്തിക്കിന്റെ അമ്മ: ഷീബ. സഹോദരി: കാവ്യ.