ദോഹ: ഒരാഴ്ചയിലേറെ നീണ്ട പെരുന്നാൾ അവധിക്കാലത്ത് കൂടുതൽ സന്ദർശകർ എത്തിയ വിനോദകേന്ദ്രം മരുഭൂമിയും കടലും ഒന്നിച്ചുചേരുന്ന ‘സീലൈൻ’ ബീച്ചാണ്. പെരുന്നാളിന്റെ ഒന്നാം ദിനം മുതൽ ആഭ്യന്തര, അന്താരാഷ്ട്ര സന്ദർശകരാൽ ബീച്ചിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
അവധിക്കാലത്ത് നീന്താനും ഫുട്ബാൾ ഉൾപ്പെടെയുള്ള വിനോദങ്ങളിലേർപ്പെടാനും ഒത്തിരിപ്പേർ സീലൈനിൽ എത്താറുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനും വിശ്രമവേള ചെലവഴിക്കാനുമായി ചിലർ ബീച്ചിലെത്തും. ബീച്ചിലെ സുന്ദരമായ മണൽക്കൂനകളിലൂടെയുള്ള സാഹസിക സഫാരിയും ഒട്ടക സവാരിയും തിരഞ്ഞെടുക്കുന്നവരുമുണ്ട്. കടലും മരുഭൂമിയും ഒരുമിക്കുന്ന ലോകത്തെ അപൂർവ സ്ഥലങ്ങളിലൊന്നായ ഇൻലൻഡ് സീ സന്ദർശിക്കാനും സീലൈനിലെത്തിയവർ ഏറെയാണ്. വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും നേരത്തേ തയാറാക്കിയ ഭക്ഷണം കൊണ്ടുവന്നോ അല്ലെങ്കിൽ സ്ഥലത്ത് പാകം ചെയ്തോ രാത്രി മുഴുവൻ ചെലവഴിക്കുന്നവരും നിരവധിയാണ്.
അതേസമയം, കടൽത്തീരവും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം ഊർജിതമാക്കിയിട്ടുണ്ട്. ബീച്ചും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ജീവനക്കാരും ശുചീകരണ തൊഴിലാളികളും സജീവമായി രംഗത്തുണ്ട്.
ഒട്ടക സവാരി, മരുഭൂ സഫാരി, ഭക്ഷണം എന്നിവ ഉൾപ്പെടുന്ന പാക്കേജുകളുമായി സന്ദർശകരെ ആകർഷിക്കാൻ രാജ്യത്തെ ടൂറിസം ഏജൻസികളും രംഗത്തുണ്ട്. 170 റിയാൽ മുതലാണ് ഈ പാക്കേജുകൾ ആരംഭിക്കുന്നത്. അതേസമയം, 700 റിയാൽ മുതൽ റിസോർട്ടുകളും ടെന്റുകളും വിവിധ പാക്കേജുകളുമായി രംഗത്തുണ്ട്.