കീവ്: യുക്രെയ്നിൽ ഇന്നലെ പുലർച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. കീവിൽ നിന്ന് 215 കിലോമീറ്റർ അകലെയുള്ള ഉമൻ നഗരത്തിലെ 9 നില കെട്ടിടത്തിൽ മിസൈൽ പതിച്ചാണ് 20 പേർ കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കെട്ടിടം ഭാഗികമായി തകർന്നു.
20 ക്രൂസ് മിസൈലുകളും 2 ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചതായി റഷ്യ വ്യക്തമാക്കി. 11 മിസൈലുകൾ തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ സ്ഫോടനമുണ്ടായി.
മധ്യ യുക്രെയ്നിലെ ഡിനിപ്രോ, ക്രെമെൻചുക്, പോൾട്ടോവ മുതൽ ദക്ഷിണ യുക്രെയ്നിലെ മൈക്കലോവ് വരെ കനത്ത ആക്രമണം തുടരുന്നു. ഡോണെറ്റ്സ്കിൽ യുക്രെയ്നിന്റെ റോക്കറ്റ് ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടതായി റഷ്യ നിയമിച്ച മേയർ അലക്സി കുലെംസിൻ അറിയിച്ചു.