തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഇനി ഹയർ സെക്കൻഡറി വാർഷിക പരീക്ഷയ്ക്കൊപ്പം നടത്തും. നിലവിൽ ഈ പരീക്ഷകൾ രണ്ടാം വർഷ ക്ലാസുകൾക്കിടയ്ക്കാണു നടത്തുന്നത്. ഇതുമൂലം അധ്യയന ദിവസങ്ങൾ നഷ്ടമാകുന്നതായും പരീക്ഷ നടത്തിപ്പിനും മൂല്യനിർണയത്തിനുമായി അധ്യാപകർക്ക് അധിക ജോലിഭാരമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണു പുതിയ മാറ്റം. എന്നാൽ, രണ്ടു വർഷങ്ങളിലെ പരീക്ഷ ഒരുമിച്ച് എഴുതേണ്ടിവരുന്നത് സമ്മർദമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി പുതിയ രീതിക്കെതിരെയും വാദമുയരുന്നുണ്ട്.

സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ വാർഷിക പരീക്ഷയ്ക്കൊപ്പം നടത്തണമെന്നു കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഇതേ ശുപാർശയാണു നൽകിയത്.

പ്ലസ് വൺ, പ്ലസ് ടു വാർഷിക പരീക്ഷകൾ ഒരുമിച്ചാണു നടക്കുക. ഈ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷമോ അടുത്ത ദിവസമോ പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്താമെന്നാണു ശുപാർശ. ഇത് അംഗീകരിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *