കൊച്ചി: റീട്ടെയില്‍, കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി അടയ്ക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസിന്റെ (സിബിഐസി) സംവിധാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. പ്രവര്‍ത്തനമാരംഭിച്ച ഈ പേമെന്റ് സംവിധാനം മുഖേന നികുതിദായകര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളില്‍ നേരിട്ട് ജിഎസ്ടി അടയ്ക്കാനുള്ള ‘ഓവര്‍ ദി കൗണ്ടര്‍ മോഡ്’ സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേനയും വേഗത്തില്‍ തടസ്സങ്ങളില്ലാതെ ജിഎസ്ടി അടയ്ക്കാം.

‘പതിറ്റാണ്ടുകളുടെ സേവനത്തിലൂടെ ഉപഭോക്താക്കളുടെ കരുത്തുറ്റ വിശ്വാസം സൗത്ത് ഇന്ത്യന്‍ ബാങ്ക് ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്തതും വേഗത്തിലുമുള്ള സേവനങ്ങള്‍ നല്‍കുന്നതിന് നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. ജിഎസ്ടി കളക്ഷനു വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സിബിഐസി സംവിധാനം അവതരിപ്പിച്ചതിലൂടെ ഞങ്ങളുടെ 932 ബ്രാഞ്ചുകള്‍ മുഖേനയും ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം ആയ സൈബര്‍നെറ്റ് മുഖേനയും നികുതിദായകര്‍ക്ക് അനായാസം പരോക്ഷ നികുതികള്‍ അടയ്ക്കാം,’ – സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ തോമസ് ജോസഫ് കെ പറഞ്ഞു.

പ്രത്യക്ഷ നികുതി അടവുകള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നേരത്തെ ടിഐഎന്‍ 2.0 സംവിധാനം അവതരിപ്പിച്ചിരുന്നു. കസ്റ്റംസ് തീരുവ അടവുകള്‍ക്ക് ഐസിഇജിഎടിഇ സംവിധാനവും തെലങ്കാനയിലെ ട്രഷറി പേമെന്റുകള്‍ക്കായി തെലങ്കാന സൈബര്‍ പോര്‍ട്ടല്‍ സൗകര്യുവം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ലഭ്യമാണ്. പുതിയ സംവിധാനം ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *