കടുത്ത വേനലിലും തണൽ വിരിച്ചു, മരങ്ങൾ നിറഞ്ഞ മുറ്റം. അവിടവിടെയായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, മരത്തണലിൽ ചിലർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നുണ്ട്. പച്ചപ്പ് നിറഞ്ഞ മുറ്റവും കുന്നിൻ മുകളിൽ നിന്നെത്തുന്ന കാറ്റും കുളിർമ്മയേകും. തറയോട് പാകിയ മുറ്റത്തിന്റെ ഒരറ്റത്ത് ചെരുപ്പുകൾ അഴിച്ചു വയ്ക്കാം. ഇത് ഒരു ആരാധനാലയത്തിലേക്കുള്ള പ്രവേശന കവാടമല്ല, മറിച്ച് ഒരു സർക്കാർ ആശുപത്രിയുടെ ഒ.പി ബ്ലോക്കാണ്. ഇതാണ് കിളിമാനൂർ മുളയ്ക്കലത്തുകാവിലെ കുടുംബാരോഗ്യ കേന്ദ്രം.
ഇൻഫെക്ഷൻ കൺട്രോളിന്റെ ഭാഗമായി കർശനമായി ശുചിത്വം പരിപാലിക്കപ്പെടുന്നണ്ടിവിടെ. സ്ത്രീ സൗഹൃദ ഒ. പി, വായിക്കാൻ നിറയെ പുസ്തകങ്ങൾ ഉള്ള ഓപ്പൺ ലൈബ്രറി, ഇരിക്കാൻ വൃത്തിയുള്ള ഇരിപ്പിടങ്ങൾ, ടെലിവിഷൻ, രാവിലെ മുതൽ വൈകുന്നേരം ആറ് മണി വരെ ഡോക്ടറുടെ സേവനം, ലാബ് എന്നിവയെല്ലാം ഈ ആശുപത്രിയുടെ പ്രത്യേകതകളിൽ ചിലത് മാത്രം.
മുന്നിലെത്തുന്ന രോഗികൾക്ക് മികച്ച ചികിത്സയും ആശ്വാസവും പകർന്നു മെഡിക്കൽ ഓഫീസർ ഡോ. അനുപമ. എസ് ഉൾപ്പെടുന്ന ഡോക്ടർമാരുടെ സംഘം. പരിചിതരെപോലെ രോഗികളോട് കുശാലാന്വേഷണം നടത്തുന്ന നഴ്‌സുമാർ. ഇതൊക്കെ ഈ ഗ്രാമീണ ആശുപത്രിയിലെ നിത്യകാഴ്ചകളാണ്. ആശുപത്രിയിലെ കാന്റീനിൽ എല്ലാ ശനിയാഴ്ചയും സൗജന്യ ഭക്ഷണ വിതരണം മുടങ്ങാതെ നടക്കുന്നുണ്ട്.
വിശാലമായ ഒരു ഡൈനിങ് ഹാളും, ജിമ്മും ഉൾപ്പെടുന്ന മറ്റൊരു കെട്ടിടം ആരുടേയും ശ്രദ്ധ ആകർഷിക്കും. ഒരു ചെറിയ പാർക്കും ഔഷധ തോട്ടവും കെട്ടിടത്തിനു മുന്നിലുണ്ട്. ജിമ്മിന്റെ പ്രവർത്തനം എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴ് വരെയാണ്. സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജിം ഉപയോഗിക്കാം. പഞ്ചായത്തിന്റെ സഹായത്തോടുകൂടി ഒരു പരിശീലകനെയും നിയമിച്ചിട്ടുണ്ട്.
നൂറോളം രോഗികൾക്ക് ആശ്വാസം പകർന്ന് കനിവ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ഇപ്പോഴും സജീവമായി തുടരുന്നു. പാലിയേറ്റീവ് കെയറിൽ സേവനമികവിന് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതും ആശുപത്രിയിലെ നഴ്‌സായ സന്ധ്യയാണ്. കശുവണ്ടി തൊഴിലാളികൾ ധാരാളമുള്ള പ്രദേശത്തത് ആശുപത്രി മുൻകൈയെടുത്ത് നടത്തിയ ‘സുരക്ഷാ പദ്ധതി’യും വിജയകരമായിരുന്നു.