കുമളി: അരിക്കൊമ്പനെ ഘടിപ്പിച്ചിട്ടുള്ള സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. ആന ഇന്നലെ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള മാവടി ഭാഗത്താണുള്ളത്. തമിഴ്നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്കു കടന്ന ശേഷം അരികൊമ്പൻ പെരിയാർ വനത്തിലേക്കു തിരികെയെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ചു കിലോമീറ്ററിനിപ്പുറം തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. ഇവിടേക്ക് കടക്കുന്നുണ്ടോ എന്ന് തമിഴ്നാട് വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്കു കടന്നാൽ കേരളത്തിലേക്ക് ഓടിച്ചു വിടാനും അങ്ങനെയെങ്കിൽ അരിക്കൊമ്പൻ ചിന്നക്കനാലിൽത്തന്നെ തിരിച്ചെത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പടക്കം പൊട്ടിച്ച് കാടുകയറ്റാനും വനം വകുപ്പ് ആലോചന തുടങ്ങിയിട്ടുണ്ട്.