മോസ്കോ: പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട 2 ഡ്രോണുകൾ തകർത്തതായി വെളിപ്പെടുത്തി റഷ്യ. യുക്രെയ്ൻ ഭരണകൂടത്തിന്റെ അറിവോടെയാണ് ആക്രമണമെന്നും ഇതിനെ ഭീകരപ്രവർത്തനമായി കണക്കാക്കുമെന്നും റഷ്യ വ്യക്തമാക്കി. മോസ്കോ നഗരത്തിനു മുകളിൽ ഡ്രോണുകൾ പറത്തുന്നതും നിരോധിച്ചു.
റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്രെംലിൻ കൊട്ടാരത്തിനു മുകളിൽ രാത്രിയിൽ എന്തോ പറന്നു വന്നു പൊട്ടിത്തെറിച്ച് തീഗോളമാകുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡ്രോൺ എത്തിയ സമയത്തു പുട്ടിൻ ക്രെംലിനിലുണ്ടായിരുന്നില്ല. മോസ്കോ നഗരപ്രാന്തത്തിലെ മറ്റൊരു വസതിയിലായിരുന്നു. അതേസമയം, സംഭവത്തിൽ പങ്കില്ലെന്നും റഷ്യയുടെ നാടകമാണിതെന്നും യുക്രെയ്ൻ പ്രതികരിച്ചു.