കൊച്ചി: റൈഡിങ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിനായി ജാവ യെസ്ഡി മോട്ടോര്‍ സൈക്കിളുകള്‍ അതിന്‍റെ ശ്രേണി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ചു. പുതിയ അപ്ഡേറ്റിലൂടെ മോട്ടോര്‍സൈക്കിളുകള്‍ക്ക് റൈഡബിലിറ്റിയും മികവും ലഭിച്ചു. വിലയിലും നേരിയ വ്യത്യാസമുണ്ട്. ബിഎസ്-6 രണ്ടാം ഘട്ട (ഒബിഡി2) എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍. ജാവ, യെസ്ഡി മോഡലുകളിലുടനീളം മാറ്റങ്ങള്‍ ബാധകമാണ്.

തുടക്കം മുതല്‍ തന്നെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഉപഭോക്താക്കള്‍ക്ക് മികച്ച പ്രകടനവും റൈഡിങ് അനുഭവവും നല്‍കുന്നതിന് സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു. പുതിയ മോട്ടോര്‍സൈക്കിളുകള്‍ റൈഡര്‍മാര്‍ക്ക് ദൈനംദിന റൈഡബിലിറ്റിയിലും മികവിലും മൊത്തത്തിലുള്ള പ്രകടനത്തിലും ശ്രദ്ധേയമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

42 സ്പോര്‍ട്സ് സ്ട്രൈപ്പ്, 42 ബോബര്‍, പെരാക്ക് എന്നിവ ഉള്‍പ്പെടുന്ന ജാവ ശ്രേണിയില്‍ ഇപ്പോള്‍ മികച്ച എന്‍വിഎച്ച് ലെവലുകള്‍ക്കായി ഫൈന്‍-ട്യൂണ്‍ ചെയ്ത പ്രധാന എഞ്ചിന്‍ ഭാഗങ്ങളുമായാണ് എത്തുന്നത്. റീമാപ്പ് ചെയ്തിരിക്കുന്ന എഞ്ചിന് പുറമെ എമിഷന്‍ നിയന്ത്രണത്തിലാക്കിക്കൊണ്ട് മെച്ചപ്പെട്ട റൈഡബിലിറ്റിക്കും പ്രകടനത്തിനുമായി വലിയ ത്രോട്ടില്‍ ബോഡിയും എക്സ്ഹോസ്റ്റ് പോര്‍ട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.

ലൈറ്റ് ക്ലച്ച് അനുഭവത്തിനും സുഗമമായ പ്രവര്‍ത്തനത്തിനുമായി പുതിയ ജാവ 42ന് ഇപ്പോള്‍ ഒരു അസിസ്റ്റ് & സ്ലിപ്പ് ക്ലച്ച് ലഭ്യമാക്കിയിരിക്കുന്നു. മികച്ച എക്സ്ഹോസ്റ്റ് നോട്ടിനായി പുനര്‍രൂപകല്‍പ്പന ചെയ്ത മഫ്ലറും ഇതിലുണ്ട്. പുതുക്കിയ ഡിജിറ്റല്‍ സ്പീഡോമീറ്ററും ഹസാര്‍ഡ് ലൈറ്റുകളുമായാണ് ബൈക്ക് ഇപ്പോള്‍ എത്തുന്നത്.

റോഡ്സ്റ്റര്‍, സ്ക്രാമ്പ്ളര്‍, അഡ്വഞ്ചര്‍ എന്നിവ ഉള്‍പ്പെടുന്ന യെസ്ഡി ശ്രേണിക്കും മികച്ച എന്‍വിഎച്ചിനും റൈഡബിലിറ്റിക്കുമായി അപ്ഡേറ്റുകള്‍ ലഭിക്കും. ലോ-എന്‍ഡ് പെര്‍ഫോമന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തുന്നത് മൂന്ന് മോഡലുകളിലും വലിയ റിയര്‍ സ്പ്രോക്കറ്റാണ് ഉള്ളത്. മികച്ച എക്സ്ഹോസ്റ്റ് നോട്ടിനായി മോട്ടോര്‍സൈക്കിളുകള്‍ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത മഫ്ളറുകളും നല്‍കിയിരിക്കുന്നു.

പരിഷ്ക്കരിച്ച മോഡലുകള്‍ക്ക് മോഡലും വേരിയന്‍റും അനുസരിച്ച് നാമമാത്രമായ (0.82% വരെ) വിലവര്‍ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്. പരിഷ്ക്കരിച്ച പുതിയ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ലഭിക്കും. വിവിധ വേരിയന്‍റുകള്‍ക്ക് 1,96,142 രൂപ മുതല്‍ 2,19,942 രൂപ വരെമാണ് (ഡല്‍ഹിഎക്സ്ഷോറൂം) വില.

Leave a Reply

Your email address will not be published. Required fields are marked *