അങ്കാറ: യുക്രെയ്ൻ ദേശീയ പതാക തട്ടിപ്പറിച്ച് റഷ്യൻ പ്രതിനിധി. ഇയാളെ ഓടിച്ചിട്ട് തല്ലി യുക്രെയ്ൻ എംപി. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ 61-ാമത് പാർലമെന്‍ററി സമ്മേളനത്തിലാണ് സംഭവം.
യുക്രെയ്ൻ എംപി ഒലെക്‌സാണ്ടർ മാരിക്കോവ്‌സ്‌കിയുടെ കൈയിൽനിന്നു യുക്രെയ്ൻ പതാക തട്ടിപ്പറിച്ച് കൊണ്ട് റഷ്യൻ പ്രതിനിധി പോകുന്നതാണ് വിഡിയോയുടെ തുടക്കത്തിലെ ദൃശ്യം. റഷ്യൻ പ്രതിനിധിയെ പിന്തുടർന്ന് ഒലെക്‌സാണ്ടർ തല്ലുകയും പതാക തിരികെ വാങ്ങുകയും ചെയ്തു. സമീപത്ത് നിന്നവർ ഒലെക്‌സാണ്ടറിനെ പിടിച്ച് മാറ്റുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഒലെക്‌സാണ്ടർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. സമീപത്തുണ്ടായിരുന്ന പലരും ദൃശ്യങ്ങൾ ചിത്രീകരിച്ചു. റഷ്യൻ പ്രതിനിധിയുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
🥊 In Ankara 🇹🇷, during the events of the Parliamentary Assembly of the Black Sea Economic Community, the representative of Russia 🇷🇺 tore the flag of Ukraine 🇺🇦 from the hands of a 🇺🇦 Member of Parliament.
The 🇺🇦 MP then punched the Russian in the face. pic.twitter.com/zUM8oK4IyN
— Jason Jay Smart (@officejjsmart) May 4, 2023
30 വർഷം മുൻപ് ആരംഭിച്ച ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയിൽ റഷ്യയും യുക്രൈയ്നും അംഗങ്ങളാണ്. മേഖലയിലെ സുസ്ഥിരതയും സമാധാനത്തിനും വികസനത്തിനുമാണ് ഈ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.