തിരുവനന്തപുരം: മംഗലപുരത്ത് ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. തോന്നയ്ക്കൽ വിഷ്ണുമംഗലം അറഫ മൻസിലിൽ അൽസാജ്, ഭൂതാന കോളനി ഷാനിഫ മൻസിലിൽ ഷാനവാസ് എന്നിവർക്കാണ് വെട്ടേറ്റത്. ബുധനാഴ്ച വൈകീട്ട് 4.30ന് തോന്നയ്ക്കൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയുടെ ഒഴിഞ്ഞു കിടക്കുന്ന പ്രദേശത്താണ് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കരിച്ചാറ അൽഅമീൻ മൻസിലിൽ അൽഅമീൻ (29), മുരുക്കുംപുഴ മുണ്ടക്കൽ തോപ്പിൽ വീട്ടിൽ പ്രവീൺ (28), തോന്നയ്ക്കൽ ഭൂതാന കോളനി സുജിൻ നിവാസിൽ സുജിൻ (28), സഹോദരൻ സുബിൻ (29) എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. അൽഅമീനുമായുള്ള പൂർവവൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
വൈകീട്ട് ഇരുകൂട്ടരും ക്ലേ ഫാക്ടറിക്ക് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്തു മദ്യപിക്കാനെത്തി. തുടർന്നുണ്ടായ വാക്കുതർക്കമാണ് വെട്ടിൽ കലാശിച്ചത്. അൽസാജിന് മുതുകിലും ഷാനവാസിന് കൈക്കും വയറിലുമാണ് വെട്ടേറ്റത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. അൽഅമീനെതിരെയും നിരവധി കേസുകൾ മംഗലപുരം സ്റ്റേഷനിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.