മുംബൈ: പൊലീസിനെ അപായപ്പെടുത്താൻ ശ്രമിച്ച 69 കാരനെ മുംബൈയിലെ സെഷൻസ് കോടതി രണ്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മുഹമ്മദ് അൻസാരിയാണ് ശിക്ഷിക്കപ്പെട്ടത്. മോഷ്ടിച്ച കാറുമായി പോകവേ തടയാൻ ശ്രമിച്ച പൊലീസിനെ അപായപ്പെടുത്താൻ ഇയാൾ ഡ്രൈവർക്ക് നിർദേശം നൽകിയെന്നാണ് ആരോപണം. പ്രതി നേരത്തെ തന്നെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാൽ ഇനി അനുഭവിക്കേണ്ടതില്ല. അൻസാരിയുടെ കൂട്ടാളി ഒളിവിലാണ്.

പ്രതിയുടെ പ്രായം കൂടി പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യയെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഇയാൾക്കുണ്ടെന്നും അവരെ പരിചരിക്കാൻ മറ്റാരുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വശങ്ങൾ പരിഗണിച്ച്, ഇതിനകം അനുഭവിച്ച കാലയളവിലേക്ക് ശിക്ഷിക്കുകയായിരുന്നു.

2014 മേയ് 26നായിരുന്നു സംഭവം. ദിൻദോശി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കാർ മോഷണക്കേസിലെ കാറുമായി അൻസാരി ആനന്ദ് നഗറിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പ്രതികളെ തടയാൻ ശ്രമിച്ചു. പൊലീസ് കൈ കാണിച്ചപ്പോൾ പ്രതികൾ പൊലീസിന് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചു. ഇതു മനസ്സിലാക്കിയ പൊലീസ് ഇവരുടെ കാറിനു നേരെ വെടിയുതിർത്തു. തുടർന്ന് കാർ മറ്റ് രണ്ടു വാഹനങ്ങളിൽ ഇടിക്കുകയും സംഭവസ്ഥലത്തു നിന്ന് ഇവർ കടന്നുകളയുകയുമായിരുന്നു. അൻസാരിക്കും ഡ്രൈവർക്കുമെതിരേ കൊലപാതക ശ്രമകുറ്റവും ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *