ദോഹ: 2023ന്റെ രണ്ടാംപാദത്തിൽ വീട്ടുവാടകയിൽ കുറവ് പ്രതീക്ഷിക്കുന്നതായി രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണി വിദഗ്ധരും ഉദ്യോഗസ്ഥരും. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ രാജ്യത്തുടനീളമുള്ള നിരവധി മേഖലകളിൽ ഇടിവ് സംഭവിച്ചതായും അവർ വ്യക്തമാക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ താമസ വാടകയിൽ കാര്യമായ വർധനയുണ്ടായ ശേഷം, കുറഞ്ഞുതുടങ്ങുന്നതായാണ് റിപ്പോർട്ട്. നിരവധി താമസ യൂനിറ്റുകൾ ലഭ്യമാക്കിയതും വാടക അപ്പാർട്ട്മെന്റുകളുടെ ആവശ്യം വർധിക്കുന്നതും വില കുറയുന്നതിൽ വലിയ ഘടകമായിട്ടുണ്ടെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ഭൂവുടമകൾ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ പൊതുവെ വിലയിൽ കുറവുണ്ടായിട്ടുണ്ടെന്നും അതിനാൽ കൂടുതൽ ഒപ്ഷനുകൾ വാടകക്കാർക്ക് മുന്നിലുണ്ടെന്നും നെൽസൺ പാർക്ക് പ്രോപർട്ടി മാനേജിങ് ഡയറക്ടറായ ജെഫ്രി അസെൽസ്റ്റെയിൻ പറഞ്ഞു. പേൾ ഖത്തർ, ലുസൈൽ സിറ്റി, അൽ വഅബ് മേഖലകളിൽ 2022 അപേക്ഷിച്ച് വാടകയിൽ കുറവുണ്ടായ നിരവധി പ്രോപർട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപാട് പുതിയ കെട്ടിടങ്ങൾ ലഭ്യമായിട്ടുണ്ട്. പേൾ ഖത്തറിലെ വാടകയിൽ കുറവ് വന്നിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാടക കുറയുന്നത് തുടരുന്ന സൂചനകളാണ് മുന്നിലുള്ളതെന്നും വിപണി സാധാരണ നിലയിലേക്ക് എത്തുമെന്നും വ്യക്തമാക്കിയ അദ്ദേഹം, ലുസൈലിൽ നിരവധി പുതിയ കെട്ടിടങ്ങൾ താമസത്തിനായി ലഭ്യമായിട്ടുണ്ടെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ ഏറ്റവും മികച്ച, വാടക കുറഞ്ഞ യൂനിറ്റുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ഈ വർഷം ആദ്യപാദത്തിൽ ലോകകപ്പിന് ശേഷവും വീട്ടുവാടകയിൽ മാറ്റമില്ലാതെ തുടരുന്നതായാണ് റിപ്പോർട്ട്.