സുല്‍ത്താന്‍ ബത്തേരി: ധനകോടി ചിറ്റ്സ്, നിധി തട്ടിപ്പ് കേസിൽ മാനേജിങ് ഡയറക്ടര്‍ സജി സെബാസ്റ്റ്യന്‍ പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച രാവിലെയാണ് സജി സ്റ്റേഷനില്‍ ഹാജരായത്. കാലാവധി കഴിഞ്ഞിട്ടും ധനകോടി ചിറ്റ്സ്, നിധി നടത്തിപ്പുകാര്‍ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് 14 കേസുകള്‍ സുൽത്താൻ ബത്തേരി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സജി സെബാസ്റ്റ്യനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. രാത്രി വൈകിയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ധനകോടി ചിറ്റ്സിന്റെയും നിധിയുടെയും സുല്‍ത്താൻ ബത്തേരിയിലെ പ്രധാന ഓഫിസും വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലുള്ള 22 ശാഖ ഓഫിസുകളും ദിവസങ്ങളായി പ്രവർത്തിക്കുന്നില്ല. രജിസ്റ്റര്‍ ചെയ്ത് 2007 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ധനകോടി ചിറ്റ്സ്. ഇതിന്റെ സഹോദര സ്ഥാപനമായി 2018 ജനുവരിയില്‍ ആരംഭിച്ചതാണ് ധനകോടി നിധി.
കാലാവധി കഴിഞ്ഞ ചിട്ടി, നിക്ഷേപം ഇനങ്ങളിലായി സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ജീവനക്കാരുടെ ശമ്പളവും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.