എക്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. മൈക്രോ എസ്‍യുവി വിപണിയിൽ ടാറ്റ പഞ്ച്, മാരുതി ഇഗ്‌നിസ് എന്നിവയുമായി മത്സരിക്കുന്ന വാഹനം ഉടൻ വിപണിയിലെത്തും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളിൽ ആറു നിറങ്ങളിലായാണ് എക്സ്റ്റർ വിപണിയിലെത്തുക.
1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനാണ് വാഹനത്തിൽ. ഇ20 ഫ്യൂവൽ റെഡി എൻജിനൊടൊപ്പം 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സ്മാർട്ട് ഓട്ടോ എഎംടിയുമുണ്ട്. എക്സ്റ്ററിന്റെ കൂടുതൽ വിവരങ്ങൾ ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ല. 3.8 മീറ്റർ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്.
ഹ്യുണ്ടേയ് വാഹനങ്ങളിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം മുൻഭാഗമാണ് എക്സ്റ്ററിന്. ഹ്യുണ്ടേയ് സെൻസ്യസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിലാണ് നിർമാണം. സ്ലിറ്റ് ഹെഡ്‍ലാംപ്, എച്ച് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവയുണ്ട്. എച്ച് ആകൃതിയിലുള്ള ടെയ്ൽ ലാംപും സില്‍വർ സ്കിഡ് പ്ലേറ്റും ഡ്യുവൽ എക്സ്ഹോസ്റ്റും എ, ബി പില്ലറുകളും വാഹനത്തിനുണ്ട്. ജൂലൈയിൽ നിർമാണം ആരംഭിക്കുന്ന മൈക്രോ എസ്‌യുവി ഓഗസ്റ്റിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.