പാലക്കാട്: ഒലവക്കോടിൽ ഗൃഹനാഥനെ കുത്തിവീഴ്ത്തിയ കേസിൽ രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ. കഞ്ചിക്കോട് വാടകയ്ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോൾ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സാരമായി പരുക്കേറ്റ ഒലവക്കോട് സ്വദേശി സെന്തിൽകുമാർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
വൃന്ദയെയും ജോമോളെയും രാത്രിയിൽ വീടിനു സമീപത്ത് സംശയാസ്പദമായി കണ്ടത് സെന്തിൽകുമാർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ ഇവർ സെന്തിൽകുമാറിനെ ക്രൂരമായി മർദ്ദിച്ച് അടിച്ചു വീഴ്ത്തി. ഇതിനിടയിൽ വൃന്ദ കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് സെന്തിൽകുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സെന്തിൽകുമാറിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. പിന്നാലെ വൃന്ദ ഓടി രക്ഷപ്പെട്ടു. ജോമോളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വൃന്ദ പിന്നീട് ട്രെയിൻ മാർഗം ഒലവക്കോടുനിന്നും കടന്നുവെങ്കിലും ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കി ടൗൺ നോർത്ത് പൊലീസും പിന്തുടരുകയായിരുന്നു. ഒടുവിൽ കൊല്ലത്തു നിന്നാണ് വൃന്ദയെ പൊലീസ് പിടികൂടിയത്. പിടിയിലായ ട്രാൻസ്ജെൻഡറുകൾ സമാനമായ ആക്രമണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.
കഴുത്തിൽ സാരമായി പരുക്കേറ്റ സെന്തിൽകുമാറിനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സെന്തിൽകുമാർ അപകടനില തരണം ചെയ്തിട്ടില്ല.