കറാച്ചി: പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന 199 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഈ മാസം 12 നു മോചിതരാകും. പാക്ക് ജയിലിലായിരുന്ന സുൾഫിക്കർ എന്ന ഇന്ത്യക്കാരൻ കറാച്ചിയിലെ ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞയാഴ്ച ഇയാൾക്ക് പനിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയതെന്നു സിന്ധ് പൊലീസ് പറഞ്ഞു. സുൾഫിക്കറിന്റെ മൃതദേഹവും 12ന് വിട്ടുനൽകും.
തടവുകാരെ വാഗാ അതിർത്തിയിലാണ് ഇന്ത്യൻ അധികൃതർക്കു കൈമാറുക. സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെല്ലാം അറസ്റ്റിലായത്. ഇന്ത്യക്കാരുടെ മോചനത്തിനും സുരക്ഷിതമായ കൈമാറ്റത്തിനും നേതൃത്വം നൽകുന്നത് ഇദ്ഹി വെൽഫെയർ ട്രസ്റ്റാണ്. ശിക്ഷ പൂർത്തിയാക്കിയ 631 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ കറാച്ചിയിലെ ലന്ധി, മലീർ ജയിലുകളിലുണ്ട്.