മസ്കറ്റ്: ജൂൺ ഒന്ന് മുതൽ ടാക്സികളിൽ മീറ്ററുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി. ചെറിയ ടാക്സികളിൽ മീറ്റർ ഘടിപ്പിക്കുന്നതോടെ കുറഞ്ഞ വരുമാനക്കാരിൽ പലരും താരതമ്യേന ചെലവ് കുറഞ്ഞ ബസുകളിലും മിനി ബസുകളിലും യാത്രചെയ്യാനാണ് സാധ്യത. ഇതോടെ മുവാസലാത്ത് ബസുകളിലും മിനി ബസുകളിലും തിരക്ക് വർധിക്കും.
ടാക്സികളിൽ മീറ്ററുകൾ ഘടിപ്പിക്കുന്നത് വിനോദ സഞ്ചാരികൾക്കും ഉയർന്ന ശമ്പളക്കാർക്കും അനുഗ്രഹമാണെങ്കിലും ചെറിയ ശമ്പളക്കാർക്ക് അത് പ്രതിസന്ധികൾ ഉണ്ടാക്കും. മീറ്റർ ടാക്സികളുടെ നിരക്കുകൾ ആരംഭിക്കുന്നത് 300 ബൈസയിലാണ്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 130 ബൈസ വീതം നൽകണം. ഇതനുസരിച്ച് മീറ്റർ ടാക്സിയിൽ പത്ത് കിലോമീറ്ററെങ്കിലും യാത്ര ചെയ്യുന്നവർ 1.600 ബൈസയെങ്കിലും നൽകേണ്ടി വരും. ഇത് യാത്രക്കാരിൽനിന്നും വീതിച്ചെടുക്കുമ്പോൾ ഒരാൾ 400 ബൈസയാകും. ഇപ്പോൾ ഷെയറിങ് ടാക്സിയിൽ യാത്ര ചെയ്യുന്നവർ 300 ബൈസയാണ് ഇത്രയും യാത്രക്ക് നൽകുന്നത്.
മീറ്റർ ടാക്സി നിലവിൽ വരുന്നത് പ്രധാന നഗരങ്ങളിൽ നിന്ന് വിട്ട് ചെറിയ സ്റ്റോപ്പുകളിൽ വാഹനം കാത്തുനിൽക്കുന്നവർക്ക് വലിയ പ്രതിസന്ധിയാവും. ഇത്തരക്കാർക്ക് മീറ്റർ ടാക്സിയുടെ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല. മീറ്റർ ടാക്സികൾ പലതും നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നതിനാൽ ഇവയുടെ സേവനം ചെറിയ സ്റ്റോപ്പുകളിൽ കിട്ടാനിടയില്ല. കിട്ടിയാൽതന്നെ നിരക്കുകൾ ഷെയർ ചെയ്യാൻ സഹ യാത്രക്കാരെയും ലഭിക്കില്ല. അതിനാൽ, ഇത്തരക്കാർ മുഴുവൻ നിരക്കുകളും നൽകേണ്ടി വരും.