ലാവയുടെ പുതിയ ഹാൻഡ്സെറ്റ് അഗ്നി 2 5ജി ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ ലോഞ്ച് ചെയ്ത ലാവ് അഗ്നി 5ജിയുടെ പരിഷ്കരിച്ച പതിപ്പാണ് അഗ്നി 2. മികച്ച ഡിസ്‌പ്ലേയും വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളുമാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച മീഡിയടെക് ഡിമെൻസിറ്റി 7050 പ്രോസസറാകും ലാവ അഗ്നി 2 5ജിയിൽ ഉൾപ്പെടുത്തുക.

ലാവ അഗ്നി 2 5ജി ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും വില ഏകദേശം 20,000 രൂപയായിരിക്കുമെന്നുമാണ് റിപ്പോർട്ട്. കമ്പനിയുടെ ഔദ്യോഗിക ടീസറിൽ തിളങ്ങുന്ന നീല-പച്ച ഷേഡിലാണ് ഫോൺ. കൂടുതൽ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. മേയ് പകുതിയോടെ ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

ലാവ അഗ്നി 2 5ജിയിൽ ക്വാഡ് റിയർ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കും. പ്രൈമറി റിയർ ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ സെൻസർ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എൽഇഡി ഫ്ലാഷ് ഉൾപ്പെടെയുള്ള നാല് ക്യാമറകളും ഈ മൊഡ്യൂളിനുള്ളിൽ ഉൾപ്പെടുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചർ.

അഗ്നി 2ൽ 8 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഉണ്ടാകാം. റിപ്പോർട്ട് അനുസരിച്ച് 44W വയർഡ് ചാർജിങ് പിന്തുണയും യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടുമുള്ള 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *