തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഡ്രോൺ പരിശീലനം നൽകുന്നതിനും സർട്ടിഫിക്കേഷനും അസാപ് കേരളക്ക് കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം ലഭിച്ചു. നിലവിൽ ഈ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനം കൂടിയാണ് അസാപ് കേരള. അസാപ് കേരളയുടെ കാസർഗോഡ് കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകുന്നത്. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് അസാപ് കേരളയുടെ പരിശീലന പങ്കാളി.

96 മണിക്കൂർ ദൈർഘ്യമുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്‌സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഇതിലുൾപ്പെടും. 3ഡി മാപ്പിംഗ്, യുഎവി സർവേ, യുഎവി അസംബ്ലി ആന്റ് പ്രോഗ്രാമിംഗ്, ഏരിയൽ സിനിമാറ്റൊഗ്രഫി എന്നീ പരിശീലനങ്ങളും കോഴ്സിന്റെ ഭാഗമാണ്.

ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്നിശമന സേന, ഡ്രോൺ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെ ഔദ്യോഗികവും സിവിൽ ആവശ്യങ്ങൾക്കും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഡിജിസിഎയുടെ അംഗീകാരത്തോടെയുള്ള പരിശീലന സ്ഥാപനങ്ങൾ കേരളത്തിൽ ഇല്ല. ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ച വരും വർഷങ്ങളിൽ 80,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അസാപിന്റെ കോഴ്സ് വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വദേശത്തും വിദേശത്തും ഡ്രോണുകൾ പറപ്പിക്കാം. ഡ്രോണുകൾ പറപ്പിക്കുന്നതിന് ഡിജിസിഎ ലൈസൻസ് ആവശ്യമാണെങ്കിലും സംസ്ഥാനത്ത് ഇതില്ലാതെ ഡ്രോൺ ഉപയോഗിക്കന്നവർ വർധിച്ചു വരുന്ന സാഹചര്യമുണ്ട്. നിയമ വിരുദ്ധമായ ഇത്തരം പറപ്പിക്കൽ ഉണ്ടാക്കുന്ന ഗുരുതര അപകടങ്ങളെക്കുറിച്ചും കോഴ്സിന്റെ ഭാഗമായി അവബോധം സൃഷ്ടിക്കും.

പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായം ഉള്ള ഏതൊരാൾക്കും ഈ കോഴ്സ് ചെയ്യാം. പാസ്പോർട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. 42,952 രൂപയാണ് കോഴ്സ് ഫീ. പ്രവേശനം ലഭിക്കുന്നവർക്ക് സ്കിൽ വായ്പാ സൗകര്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495 999 623, 9495 999 709

Leave a Reply

Your email address will not be published. Required fields are marked *