ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അതിർത്തിരക്ഷാ സേന കോടതിയിൽ കയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ രാജ്യത്തു കലാപം. റാവൽപിണ്ടിയിൽ സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം പ്രക്ഷോഭകർ തകർത്തു.
അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ്, അതിർത്തിരക്ഷാ സേനയായ പാക് റേഞ്ചേഴ്സ് അംഗങ്ങൾ അദ്ദേഹത്തെ പിടികൂടിയത്. ഇമ്രാനെ കോളറിൽ പിടിച്ചു നടത്തിക്കുന്നതിന്റെയും വാനിലേക്കു തള്ളിക്കയറ്റുന്നത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇമ്രാന്റെ തലയിലും കാലിലും സാരമായി മർദിച്ചെന്നും അദ്ദേഹത്തിന്റെ ചക്രക്കസേര തട്ടിത്തെറിപ്പിച്ചെന്നുമാണ് മാധ്യമ റിപ്പോർട്ട്.
സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് ഇസ്‌ലാമാബാദ് ഐജിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഐജി ഹാജരായില്ലെങ്കിൽ പ്രധാനമന്ത്രിയെത്തന്നെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. അറസ്റ്റ് നിയമപരമാണോ എന്ന കാര്യത്തിൽ ഇരുപക്ഷത്തിന്റെയും വാദം കേട്ടെങ്കിലും കോടതി വിധി പറഞ്ഞില്ല.
കോടതിക്കുള്ളിലുണ്ടായ കയ്യേറ്റത്തിൽ അഭിഭാഷകർക്കും ഹൈക്കോടതി ഉദ്യോഗസ്ഥർക്കും സുരക്ഷാജീവനക്കാർക്കും പരുക്കേറ്റതായി ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്റെ (പിടിഐ) നേതാക്കൾ ആരോപിച്ചു.