കേശസംരക്ഷണത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബദാം . ബദാം കഴിക്കുന്നതും, ബദാം മില്‍ക്ക്, ബദാം ഓയില്‍ എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണ്. മുടി കൊഴിച്ചില്‍, താരന്‍ എന്നിവയ്‌ക്കെല്ലാം ഇത് വളരെയധികം സഹായകമാണ്.
മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരുന്നതും തടയാൻ
മുടികൊഴിച്ചിലും അതുപോലെതന്നെ മുടി വളര്‍ന്ന് വരുമ്പോള്‍ മുടിയുടെ തുമ്പ് പിളര്‍ന്ന് പോകുന്നതും പലരുടെയും പ്രശ്നമാണ്. ഇതിന് ഉത്തമ പരിഹാരമാണ് ബദാം ഓയില്‍. ഇതില്‍ ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അയണും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. മുടി കൊഴിച്ചിലിനും മുടി പിളരുന്നതിനും ബദാം ഓയില്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് നോക്കാം.
ബദാം ഓയിലും ആവണക്കെണ്ണയും എടുക്കുക. രണ്ടും തുല്യമായ അളവില്‍ വേണം എടുക്കുവാന്‍. അതിനുശേഷം നനഞ്ഞിരിക്കുന്ന മുടിയിലേയ്ക്ക് ഇത് മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം വീതം ചെയ്യാവുന്നതാണ്. ഇത് മുടി രണ്ടായി പിളരുന്നത് തടയുവാന്‍ സഹായിക്കും.
തലയിലെ താരന്‍ അകറ്റുവാന്‍
തലയിലെ താരന്‍ അകറ്റുവാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം ഓയില്‍ എന്നത്. ഇത് പൊടിപടലങ്ങളും അതുപോലെ, കെമിക്കല്‍സും മൂലം തലയോട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നല്ലതാണ്. തലയിലെ താരന്‍ അകറ്റുവാന്‍ എങ്ങിനെ ബദാം ഓയില്‍ ഉപയോഗിക്കാം.
ഇതിനായി ഒലീവ് ഓയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയിലും ചേര്‍ത്ത് അതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ടീ ട്രീ എസന്‍ഷല്‍ ഓയിലും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഏകദേശം അരമണിക്കൂര്‍ നേരത്തേയ്ക്ക് ഇത് തലയില്‍ വയ്ക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്.