ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഴിമതിവിരുദ്ധകോടതി സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) കസ്റ്റഡിയിൽ വിട്ടു. 8 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. അഴിമതിവിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് ബഷിറാണ് ഇന്നലെ ഇമ്രാനെ റിമാൻഡ് ചെയ്തത്. ഇതേ ജഡ്ജി തന്നെയാണു മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകൾ മറിയത്തെയും അനധികൃതസമ്പാദ്യക്കേസിൽ ശിക്ഷിച്ചത്. പൊലീസ് ആസ്ഥാനത്തോടു ചേർന്നുള്ള സുരക്ഷാമേഖലയിലെ പൊലീസ് ഗെസ്റ്റ്ഹൗസിലാണു ഇമ്രാനെ പാർപ്പിച്ചിട്ടുള്ളത്.
ഇതിനിടെ, അധികാരത്തിലിരിക്കെ ലഭിച്ച വിദേശസമ്മാനങ്ങൾ മറിച്ചുവിറ്റെന്ന തോഷഖാനകേസിൽ മറ്റൊരു കോടതി ഇമ്രാനെതിരെ കുറ്റം ചുമത്തി. 2018 നും 2022 നും ഇടയിൽ ലഭിച്ച ആഡംബര സമ്മാനങ്ങൾ വിറ്റെന്ന കേസിൽ കഴിഞ്ഞ ഒക്ടോബറിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇമ്രാനെ അയോഗ്യനാക്കിയിരുന്നു. കമ്മിഷൻ നൽകിയ കേസിലാണു സെഷൻസ് കോടതി ജഡ്ജി ഹുമയൂൺ ദിലവാർ ഇന്നലെ കുറ്റംചുമത്തിയത്.
അതേസമയം, തെരുവുപ്രതിഷേധങ്ങൾ ഇന്നലെയും ഉണ്ടായി. അക്രമസംഭവങ്ങളിൽ 5 പേർ കൊല്ലപ്പെട്ടു. അറസ്റ്റിനെതിരെ ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.