തിരുവനന്തപുരം: ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എന്നാൽ എത്ര മാർക്ക് നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തേ ദേശീയതല മത്സരങ്ങളിലെ പങ്കാളിത്തത്തിനും ഗ്രേസ് മാർക്ക് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം ഗ്രേസ് മാർക്ക് സംവിധാനം പരിഷ്കരിച്ചപ്പോൾ‌ ദേശീയ തലത്തിൽ മെഡൽ നേടുന്നവർക്കു മാത്രം 25 മാർക്ക് എന്ന നിലയിൽ പരിമിതപ്പെടുത്തി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ടു. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ദേശീയതല പങ്കാളിത്തത്തിനുള്ള ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

അതിനിടെ, കായിക താരങ്ങൾക്കു മുൻപു നൽകിയിരുന്ന ഗ്രേസ് മാർക്ക് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി ബിജോ തോമസ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പു മേധാവികൾ നാളെ ഹാജരായി വിശദീകരണം നൽകാൻ ബാലാവകാശ കമ്മിഷൻ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *