ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൊച്ചി വെല്ലിങ്ടൺ ഐലന്റ് സാമുദ്രിക ഹാളിൽ പൂജ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിർവഹിച്ചു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർക്കൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.
മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബെംഗളൂരുവിലുമായാണ് ചിത്രീകരണം നടക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സഹ നിർമാതാവ് സഹിൽ ശർമ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സൂരജ് കുമാർ, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു ജെ, കലാസംവിധാനം അനീസ് നാടോടി, എഡിറ്റിങ്ങ് നിഷാദ് യൂസഫ്. പിആർഒ – ശബരി