ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ വധിക്കാൻ ശ്രമമുണ്ടായാതായി ആരോപണം. ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ച പാകിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വധിക്കാൻ ശ്രമമുണ്ടായെന്ന ആരോപണവുമായി അഭിഭാഷകർ രംഗത്തെത്തിയത്.
‘‘അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത ഇമ്രാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായി. അദ്ദേഹത്തെ ഭയങ്കരമായി പീഡിപ്പിച്ചു. അറസ്റ്റിലായതിനുശേഷം ഏറെനേരം കഴിക്കാൻ ഒന്നും കൊടുത്തില്ല. ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തി നൽകി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാക്കാൻ ശ്രമിച്ചു. ഉറങ്ങാൻ സമ്മതിച്ചില്ല. സാവധാനം ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി. ശുചിമുറിയും കിടക്കയും ഇല്ലാത്ത, വൃത്തിഹീനമായ മുറിയിലാണ് താമസിപ്പിച്ചത്. അദ്ദേഹത്തിനു നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ട്.’’– ഒരു മണിക്കൂറിലേറെ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയശേഷം പുറത്തുവന്ന അഭിഭാഷകർ പറഞ്ഞു.