തിരുവനന്തപുരം, മെയ് 12, 2023: സന്ധികളിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചതിനെ തുടർന്ന് 10 വർഷത്തോളം വീൽചെയറിലായിരുന്ന 76 വയസ്സുകാരിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്ത് ഓർത്തോപീഡിക്‌സ് & ട്രോമ വിഭാഗം സീനിയർ കൺസൽട്ടന്റും ആർത്രോപ്ലാസ്റ്റി സർജനുമായ ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം സ്വദേശായിയായ വയോധികയിൽ ഒരേശസ്ത്രക്രിയയിൽ ഇരു കാൽമുട്ടുകളും മാറ്റിസ്ഥാപിച്ച് ചലനശേഷി വീണ്ടെടുത്തത്.

10 വർഷങ്ങൾക്ക് മുൻപാണ് പോസ്റ്റ് ഓഫീസിലെ കളക്ഷൻ ഏജന്റായിരുന്ന വയോധികയ്ക്ക് സന്ധികളിലെ തേയ്മാനം കാരണം നടക്കാനോ എണീറ്റ് നിൽക്കാനോ കഴിയാതായത്. രോഗാവസ്ഥ മൂർച്ഛിച്ചതിനാലും മറ്റ്  സങ്കീർണ്ണതകൾമൂലവും ചികിത്സ ഇത്രയുംനാൾ വൈകുകയായിരുന്നു. ഇതിന് ശേഷമാണ് അസഹ്യമായ വേദന താങ്ങാനാവാതെ ഇവർ തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഓർത്തോപീഡിക്‌സ് & ട്രോമ വിഭാഗത്തിൽ ചികിത്സ തേടുന്നത്. 5 മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ബോൺ ഗ്രാഫ്റ്റുകളും ഓഗ്മെന്റുകളും ഉപയോഗിച്ച് സന്ധികൾ മാറ്റിസ്ഥാപിക്കാനായത്.

വളരെ സാധാരണമായി കണ്ടുവരുന്ന സന്ധിവാതമാണ് ഡീജനറേറ്റീവ് ജോയിന്റ് ഡിസീസ് എന്നറിയപ്പെടുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്. കടുത്ത വേദനയ്ക്കും വൈകല്യത്തിനും കാരണമാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് വിട്ടുമാറാത്ത ഒരു സന്ധി രോഗമാണ്, 50 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. സന്ധികളിലെ തരുണാസ്ഥി ക്രമേണ ക്ഷയിക്കുകയും പിന്നീടത് ദ്രവിച്ച് അസ്ഥികൾക്കിടയിലുള്ള അകലം കുറയുന്നതുമാണ് രോഗാവസ്ഥ. എന്നാൽ വയോധികയുടെ രണ്ട് കാൽമുട്ടുകളും ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ച് വികലമായ അവസ്ഥയിലായിരുന്നുവെന്നും ശസ്ത്രക്രിയയിലൂടെയും രണ്ടാഴ്ച്ച നീണ്ടു നിന്ന് ഫിസിയോതെറാപ്പിയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയെന്നും ഡോ. മുഹമ്മദ് നസീർ പറഞ്ഞു.

അനസ്‌തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജേക്കബ് ജോൺ തിയോഫിലീസും ശസ്ത്രക്രിയയുടെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *