കണ്ണൂർ: സമയബന്ധിതമായി ഒഴിവുകൾ നികത്താത്തതിനാൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 2000 ലേറെ നഴ്സ് തസ്തികകളിൽ ആളില്ല. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ് 2) നിയമനം മുടങ്ങിയിട്ടു മൂന്നുവർഷമായി. പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം നടത്തിയിട്ടും വർഷങ്ങളായി.

വിവിധ സർക്കാർ ആശുപത്രികളിലായി 450 ഒഴിവുകളാണുള്ളത്. പല ജില്ലകളിലും ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് നഴ്സ്, മറ്റേണൽ ചൈൽഡ് ഹെൽത്ത് ഓഫിസർ തസ്തികകളിലും ആളില്ല. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് – ഗ്രേഡ് 2ൽ നിന്ന് ഗ്രേഡ് 1ലേക്കുള്ള പ്രമോഷൻ നടന്നിട്ടും മൂന്നു വർഷമായി. ഇതിനാൽ പല തസ്തികയിലും ആളില്ലെന്നു മാത്രമല്ല, പലരും ഗ്രേഡ് 2 തസ്തികയിൽ നിന്നു തന്നെ വിരമിക്കേണ്ട സ്ഥിതിയുമാണ്.

60 വർഷം മുൻപുള്ള സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തതിനാൽ, കിടത്തിച്ചികിത്സയുള്ള സർക്കാർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണത്തിനനുസരിച്ചു നഴ്സുമാരില്ല. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരുടെ എണ്ണം കണക്കാക്കിയാൽ സർക്കാർ ആശുപത്രികളിൽ ഇനിയും 8000 നഴ്സുമാർ കൂടി വേണം. 20,000 നഴ്സുമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 12,000 പേർ മാത്രം. നഴ്സുമാർ അധിക ജോലിഭാരത്താൽ വലയുമ്പോഴാണ് നിലവിലെ ഒഴിവുകൾ നികത്താൻ പോലും സർക്കാർ നടപടി സ്വീകരിക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *