എയർഹോസ്റ്റസ് അമ്മയ്ക്ക് മാതൃദിനത്തിൽ സർപ്രൈസ് ഒരുക്കി എയർഹോസ്റ്റസായ മകൾ. ഇൻഡിഗോ എയർലൈൻസ് ആണ് ഈ വിഡിയോ പങ്കുവച്ചത്. കാബിൻ ക്രൂ അംഗങ്ങളായി ഇരുവരും ഒരേ വിമാനത്തിൽ സഞ്ചരിക്കുമ്പോഴാണ് മകൾ അമ്മയ്ക്ക് സർപ്രൈസ് ഒരുക്കിയത്

“സന്തോഷത്തോടെയുള്ള മാതൃദിനം ആശംസിക്കുന്നു. ഭൂമിയിലും ആകാശത്തും എനിക്ക് പിറകിൽ അമ്മയുണ്ട്.” – എന്ന കുറിപ്പോടെയാണ് ഇൻഡിഗോ എയർലൈൻസ് വിഡിയോ ട്വീറ്റ് ചെയ്തത്. നബിറ സാഷ്മി എന്ന എയർ ഹോസ്റ്റസ് യാത്രക്കാർക്കു സ്വയം പരിചയപ്പെടുത്തുന്നതില്‍ നിന്നാണ് വിഡിയോ തുടങ്ങുന്ന‌ത്. തുടർന്ന് തന്റെ അമ്മയെയും നബിറ പരിചയപ്പെടുത്തുന്നു. ഇരുവരും ഒരേ കാബിൻ ക്രൂവിന്റെ ഭാഗമാകുന്നത് ആദ്യമായാണെന്ന് നബിറ പറയുന്നു.

“അമ്മ കാബിന്റെ ഭാഗമായി എല്ലാ ജോലികളും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മയുടെ കാലടികളാണ് ഞാൻ പിന്തുടരുന്നത്. കഴിഞ്ഞ ആറുവർഷമായി ഞാൻ ഇത് കാണുന്നുണ്ട്. ഇന്ന് അമ്മയെ കുറിച്ച് സംസാരിക്കാൻ എനിക്ക് ഒരു അവസരം ലഭിച്ചിരിക്കുകയാണ്. അമ്മയ്ക്ക് ഇന്ന് അഭിമാനനിമിഷമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.” – എന്നായിരുന്നു സാഷ്മി കുറിച്ചത്.

ഹൃദ്യമായ ഈ അനൗൺസ്മെന്റ് കേൾക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നതും അവർ മകളുടെ കവിളിൽ ഉമ്മ വയ്ക്കുന്നതും വിഡിയോയിൽ ഉണ്ട്. ഇതുകാണുന്ന യാത്രക്കാർ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം. അമ്മയുടെയും മകളുടെയും ഈ വൈകാരിക രംഗങ്ങള്‍ ട്വിറ്ററിൽ വൈറലാണ്. ഇരുവർക്കും ഒരുമിച്ചു ജോലിചെയ്യാന്‍ അവസരം നൽകിയ ഇൻഡിഗോ എയർലൈൻസിനു പലരും നന്ദി പറഞ്ഞു. ഇരുവർക്കും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് പലരും ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *