തൃശൂർ: പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്നു. 16 സിനിമകള്‍ അദ്ദേഹം നിർമിച്ചിട്ടുണ്ട്. ഏറെക്കാലമായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളും ഓർമക്കുറവുമുണ്ടായിരുന്നു. സംസ്കാരം നാളെ വൈകിട്ട്. ഭാര്യ: രമ ആർ. പിള്ള. മക്കൾ: രാജേഷ്, പ്രീതി, സോനു, പരേതനായ സിദ്ധാർഥ്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ പി.കെ.രാമചന്ദ്രൻ പിള്ളയ്ക്ക് മുംബൈയിൽ കയറ്റുമതി ബിസിനസായിരുന്നു. ഇന്ദിര ഗാന്ധിയുമായി സൗഹൃദമുണ്ടായിരുന്ന പിള്ള അക്കാലത്ത് മുംബൈ മുനിസിപ്പാലിറ്റിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മൽസരിച്ചിട്ടുണ്ട്. 1984 ല്‍ ‘വെപ്രാളം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര നിർമാണരംഗത്തേക്ക് എത്തുന്നത്. അതിൽ അഭിനയിച്ചിട്ടുമുണ്ട്.
എൺപതുകളിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സിനിമകൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. ചിത്രം എന്ന സിനിമ നിർമാതാവ് എന്ന നിലയിൽ പിള്ളയുടെ തലവര മാറ്റിക്കുറിച്ചു. പിന്നാലെ വന്ദനം, അർഹത, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു. 2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ ആണ് അവസാനം നിർമിച്ച ചിത്രം.