നെയ്യാറ്റിൻകര: അവണാകുഴിയിൽ വയോധികയായ വീട്ടമ്മ, ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ. കൊലപാതകമാണെന്ന സംശയത്തിൽ മകനെ കസ്റ്റഡിയിലെടുത്തു. അവണാകുഴി പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള പുത്തൻവീട്ടിൽ പരേതനായ സോമന്റെ ഭാര്യ ലീല എന്നു വിളിക്കുന്ന പത്മിനി (65) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഇവരുടെ മകൻ ബിജു ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പോക്സോ കേസിൽ പ്രതിയായ ബിജു, 4 ദിവസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
പത്മിനിയുടെ മൂത്ത മകനാണ് ബിജു. ഇയാളും മാതാവും ഒരുമിച്ചായിരുന്നു താമസം. ബിജു തന്നെയാണ് മാതാവ് മരിച്ചുവെന്ന വിവരം സഹോദരങ്ങളെയും സുഹൃത്തുക്കളെയും അറിയിച്ചത്. എങ്ങനെ മരിച്ചുവെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. വീടിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. വസ്ത്രങ്ങൾ ഭാഗികമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ശരീരത്തിൽ കാര്യമായ മുറിവുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, തലയിൽ ഒരു ചെറിയ മുഴയുണ്ട്. വീഴ്ചയിൽ പറ്റിയതാകാനാണ് സാധ്യത. തറയിൽ വലിച്ചിഴച്ചതിന്റെ പാടും ഉണ്ട്. മുറിവുകൾ ഉണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലും തറയിലും രക്തക്കറ കാണപ്പെട്ടതായും പൊലീസ് റിപ്പോർട്ടിലുണ്ട്.
അയൽവാസിയായ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ആണ് ബിജു ജയിലിൽ പോയത്. അമ്മ തന്നെയാണ് മകനെ ജാമ്യത്തിൽ ഇറക്കിയത്. അതിനെ ചൊല്ലി വീട്ടിൽ ബഹളം നടന്നിരുന്നതായി പരിസരവാസികൾ പറയുന്നു. ബിജുവിനെ കൂടാതെ ബിനു, അനി എന്നീ രണ്ടുമക്കളും കൂടി പത്മിനിക്കുണ്ട്.