ആപ്പിളിനായി ഐഫോണ്‍ നിര്‍മിക്കുന്ന കരാര്‍ കമ്പനികളുടെ പട്ടികയിലേക്ക് ടാറ്റയും എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും ഐഫോണ്‍ 15 സീരീസ് അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 14 സീരീസിനെ പോലെ നാലു വേരിയന്റുകളാണ് ഈ വര്‍ഷവും പ്രതീക്ഷിക്കുന്നത് – ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ്. ഇവയില്‍ 15, 15 പ്ലസ് വേരിയന്റുകള്‍ നിര്‍മിച്ചു നല്‍കാനായിരിക്കും ടാറ്റയ്ക്ക് കരാര്‍ ലഭിക്കുക.
നിലവില്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന കരാര്‍ കമ്പനികളുടെ പട്ടികയില്‍ ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍, പെഗാട്രോണ്‍ എന്നിവരാണുള്ളത്. ഇവ കൂടാതെ മറ്റൊരു കമ്പനിയുമായും ആപ്പിള്‍ കരാറിലേര്‍പ്പെട്ടേക്കുമെന്നാണ് വിവരം. അതേസമയം, വിസ്ട്രണ്‍ കമ്പനിയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തെന്നും ഇതിനാലാണ് ടാറ്റയുമായി ആപ്പിള്‍ കരാറിലേര്‍പ്പെടാന്‍ തയാറായതെന്നും സൂചനയുണ്ട്.