ബ്രസ്സൽസ്: റഷ്യയിൽ നിന്നുള്ള റിഫൈൻഡ് ഓയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യൻ യൂണിയന് (ഇയു) ചുട്ടമറുപടി നൽകി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇയു വിദേശനയ മേധാവി ജോസപ് ബോറൽ ആണ് ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടത്. ബംഗ്ലാദേശ്, സ്വീഡൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ബെൽജിയത്തിൽ എത്തിയപ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ഇന്ത്യയെ വിമർശിക്കുന്നതിനു മുൻപ് ഇയു കൗൺസിലിന്റെ ചട്ടങ്ങൾ ആദ്യം നോകാണാമെന്ന് ജയ്ശങ്കർ മറുപടി നൽകി. ‘‘റഷ്യയിൽ നിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി മറ്റു പല ഉൽപ്പന്നങ്ങളുമാക്കി മാറ്റും. പിന്നെയത് റഷ്യൻ ആയിട്ടല്ല കണക്കാക്കുന്നത്. കൗൺസിലിന്റെ ചട്ടം 833/2014 നോക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്.’’ – ജയ്ശങ്കർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതിയെ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്തു.
‘‘യൂറോപ്യൻ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ റഷ്യയുമായുള്ള ഞങ്ങളുടെ വ്യാപാരം വളരെ കുറവാണ്. 12–13 ബില്യൻ യുഎസ് ഡോളറേ വരുന്നുള്ളൂ. ഞങ്ങൾ റഷ്യയ്ക്കും ചില ഉൽപ്പന്നങ്ങൾ കൊടുക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളും അവരുടെ വ്യപാരം വർധിപ്പിക്കാനാണ് നോക്കുക. അതിനപ്പുറം അതിൽ ചിന്തിക്കേണ്ട കാര്യമില്ല.’’ – ഡിസംബറിൽ ജർമൻ വിദേശകാര്യമന്ത്രി അന്നാലെന ബേർബോക്കിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ജയ്ശങ്കർ പറഞ്ഞിരുന്നു.
റഷ്യയിൽനിന്നുള്ള ക്രൂഡ് ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഇന്ത്യ ഡീസൽ ആയി വിൽക്കുന്നുവെന്നതാണ് ബോറലിന്റെ ആരോപണം. ഉപരോധമേർപ്പെടുത്തി റഷ്യയെ സമ്മർദ്ദത്തിലാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ ഇന്ത്യ അതിനൊപ്പം നിൽക്കാത്തതാണ് ബോറലിന്റെ പ്രസ്താവനയ്ക്കു പിന്നിൽ.