തിരുവനന്തപുരം: കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച പെൺകുട്ടിയുടെ പേരിനു പകരം സംഘടനാനേതാവായ ആൺകുട്ടിയുടെ പേരു ചേർത്ത് യൂണിവേഴ്സിറ്റിക്കു പട്ടിക നൽകിയ സംഭവം വിവാദത്തിൽ. ഇതിനെ തുടർന്ന് നേതാവിന്റെ പേര് കോളജ് അധികൃതർ പിൻവലിച്ചു. തിരുത്തിയ പട്ടിക കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിന്‍സിപ്പൽ യൂണിവേഴ്സിറ്റി റജിസ്ട്രാർക്ക് കൈമാറി. ആൾമാറാട്ടം നടത്താൻ പട്ടിക തിരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്കു പരാതി നൽകി.
കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാൽ, കൗൺസിലർമാരുടെ പേരുകൾ യൂണിവേഴ്സിറ്റിക്ക് നൽകിയപ്പോൾ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർഥി എ.വിശാഖിന്റെ പേരാണ് നൽകിയത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണു വിശാഖ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ല.
കോളജുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണു കോളജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണു വിവരം. 26നാണു സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുക.