കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതി പോലീസ് പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്നയാണ് പിടിയിലായത്. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 1884 ഗ്രാം സ്വർണമാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്.
മിശ്രിത രൂപത്തിലാക്കിയ സ്വർണം പാക്കറ്റുകളിലാക്കി ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് യുവതിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പൊലീസ് സംഘം കാത്തിരുന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് 1.17 കോടി രൂപ വില വരുമെന്നും പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ യുവതി സ്വർണമില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചിരുന്നു. തുടർന്ന് യുവതിയുടെ ലഗേജും ഹാൻഡ് ബാഗും പരിശോധിച്ചെങ്കിലും സ്വർണ്ണം കണ്ടെത്താനായില്ല. പിന്നീടാണ് ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണക്കടത്തു സംഘത്തിന്റെ കാരിയറായി പ്രവർത്തിക്കുന്നയാളാണ് ഷബ്നയെന്നാണ് വിവരം.