ദുബായ്: രാജ്യത്ത് തൊഴിൽ പെർമിറ്റ് കാലാവധി 3 വർഷമാക്കാൻ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) ശുപാർശ. തൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് തൊഴിൽ വീസ കാലാവധി കൂട്ടാൻ നിർദേശം. തൊഴിൽ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുന്നെങ്കിൽ തൊഴിലുടമയെ ഒരു മാസം മുമ്പ് അറിയിക്കണമെന്നതും നിയമഭേദഗതിയിൽ ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികളുടെ വീസ കാലാവധി കുറയുന്നതു തൊഴിലുടമകൾക്ക് നഷ്ടമുണ്ടാക്കുന്നു.

തൊഴിൽ ഉപേക്ഷിക്കുന്ന വ്യക്തിക്ക് പകരം നിയമനം നടത്താൻ നിലവിലുള്ള 14 ദിവസം മതിയാകില്ല. അതുകൊണ്ട് ഈ കാലാവധി മൂന്ന് മാസം വരെയെങ്കിലും വേണമെന്നാണ് എഫ്എൻസിയിൽ ഉയർന്ന നിർദേശം. തൊഴിൽ പരിശീലനഘട്ടവും പിന്നീട് ഒരു വർഷവും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറാൻ പാടുള്ളൂ എന്ന വിധത്തിലുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു.

മുന്നറിയിപ്പില്ലാതെ തൊഴിൽ ഉപേക്ഷിക്കുകയോ തൊഴിലുടമയ്ക്കു നഷ്ടം വരുത്തുകയോ ചെയ്താൽ മടക്കയാത്ര വിമാന ടിക്കറ്റ് അടക്കമുള്ള ചെലവ് വഹിക്കേണ്ടെന്നും ശുപാർശയിൽ പറയുന്നു. തൊഴിലാളി മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ പുതിയ തൊഴിലുടമയിൽ നിന്ന് വർക്ക് പെർമിറ്റിന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അധിക നിരക്ക് ഈടാക്കരുത്. സ്വദേശി സംരംഭകർക്ക് സഹായകമാക്കുന്ന കാര്യങ്ങളും പാർലമെന്റ് സമിതി റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *