രാജ്യത്തെ മുൻനിര സ്‌മാർട് ഫോൺ ബ്രാൻഡായ ലാവ പുതിയ ഹാൻഡ്സെറ്റ് ‘അഗ്നി 2’ 5ജി അവതരിപ്പിച്ചു. 2021 നവംബറിൽ ലോഞ്ച് ചെയ്ത ലാവ അഗ്നി 5ജിയുടെ പരിഷ്കരിച്ച പതിപ്പാണ് ഇത്. അമോലെഡ് ഡിസ്‌പ്ലേയും അത്യാധുനിക സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയ ഹാൻഡ്സെറ്റാണിത്. 21,999 രൂപയാണ് ഫോണിന്റെ എംആർപി. മേയ് 24 മുതൽ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും 2,000 രൂപയുടെ അധിക ഇളവും ലഭ്യമാണ്.
രാജ്യാന്തര വിപണിയിൽ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം കാണിക്കുന്ന ഒരു ഉൽപന്നമായി അഗ്നി ഹാൻഡ്സെറ്റുകളെ മാറ്റുകയാണ് ലക്ഷ്യമെന്ന് ലാവ ഇന്റർനാഷണൽ പ്രസിഡന്റും ബിസിനസ് മേധാവിയുമായ സുനിൽ റെയ്‌ന പറഞ്ഞു. മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡിമെൻസിറ്റി 7050 പ്രോസസറാണ് അഗ്നി 2 നൽകുന്നത്. ഇത് ഗെയിം കളിക്കാനും ആപ്പുകൾ സുഖകരമായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡ്യുവൽ നാനോ സിം പിന്തുണയ്‌ക്കുന്ന ലാവ അഗ്നി 2 5ജിയിലെ 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ (2220×1080 പിക്‌സൽ) കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. അഗ്നി 2 5ജിയിലെ എർഗണോമിക് 3ഡി ഡ്യുവൽ കർവ്ഡ് ഡിസ്‌പ്ലേ എച്ച്ഡിആര്‍, എച്ച്ഡിആര്‍ 10, എച്ച്ഡിആര്‍ 10 പ്ലസ് എന്നിവ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. 3ഡി ഗ്ലാസ് ബാക്ക് ഡിസൈനുമായാണ് ഫോൺ വരുന്നത്.