കൊച്ചി: കേരളത്തിന്റെ ഐ.ടി കുതിപ്പിന് കരുത്തേകാന്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്‍ഫോപാര്‍ക്ക്. ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ടുവിലെ ജ്യോതിര്‍മയ സമുച്ചയത്തിലെ ആറാം നില പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി 35000 ചതുരശ്ര അടിയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൗകര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 19ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
500 ചതുരശ്ര അടി മുതല്‍ 9100 ചതുരശ്ര അടി ബില്‍ട്ട് അപ്പ് സ്‌പെയ്‌സുള്ള ചെറുതും വലുതുമായ വ്യത്യസ്ത സീറ്റിങ്ങ് കപ്പാസിറ്റിയുള്ള (11 സീറ്റ് മുതല്‍ 170 സീറ്റുവരെ) ഒന്‍പത് പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസുകളാണ് ജ്യോതിര്‍മയ സമുച്ചയത്തിന്റെ ആറാം നിലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഓരോ ഓഫീസിലും വര്‍ക്ക് സ്റ്റേഷനുകള്‍, പ്രത്യേക ക്യാബിനുകള്‍, മീറ്റിങ്ങ്/ഡിസ്‌കഷന്‍ റൂമുകള്‍ എന്നിവയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ മികച്ച സൗകര്യങ്ങളോടെ കോണ്‍ഫറന്‍സ് റൂമും പാന്‍ട്രിയും ഈ നിലയില്‍ സജ്ജമാക്കിയിട്ടുണ്ട്. രണ്ടു വിങ്ങുകളിലായി നിര്‍മിച്ച വിവിധ ഓഫീസുകളില്‍ 550 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിനോടകം വിവിധ കമ്പനികള്‍ ഈ ഒന്‍പത് ഓഫീസുകളിലായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ടുവില്‍ 2017ല്‍ നിര്‍മിച്ച ജ്യോതിര്‍മയ എന്ന പത്തുനില ഐ.ടി സമുച്ചയത്തില്‍ നിലവില്‍ 48 കമ്പനികളിലായി 1900 ഐ.ടി ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അത്യാധുനിക രീതിയിലെ ഓഫീസുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, ഓഡിറ്റോറിയം, ബാങ്ക്, എ.ടി.എം, ഫുഡ് കോര്‍ട്ട്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ്, ഇ.വി ചാര്‍ജ്ജിങ്ങ് സ്റ്റേഷന്‍, ഹെലി പാഡ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണ് ജ്യോതിര്‍മയ സമുച്ചയം നിര്‍മിച്ചിരിക്കുന്നത്.
ഐ.ടി മേഖലയുടെ വളര്‍ച്ച നമ്മുടെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും അതില്‍ മര്‍മ്മപ്രധാനമായ പങ്ക് വഹിക്കാന്‍ ഇന്‍ഫോപാര്‍ക്കിനാകുന്നത് അഭിമാനാര്‍ഹമാണെന്നും ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഐ.ടി കയറ്റുമതി കൂട്ടാനും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ കമ്പനികള്‍ക്ക് വളരാനുമുള്ള സാഹചര്യമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനം. അതിന് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ജ്യോതിര്‍മയ സമുച്ചയത്തിലെ ആറാം നിലയും പ്രവര്‍ത്തനക്ഷമമാകുന്നത്. കൂടുതല്‍ കമ്പനികള്‍ക്ക് ഇന്‍ഫോപാര്‍ക്കിലേക്ക് കടന്നുവരാനും വിജയകരമായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.