ലഹോർ: പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ ലഹോറിലെ വസതിയിൽ ഒളിപ്പിച്ച ഭീകരരെ 24 മണിക്കൂറിനകം കൈമാറാൻ പാക്-പഞ്ചാബ് പ്രവിശ്യ ഇടക്കാല സർക്കാർ ഉത്തരവിട്ടു. ഇമ്രാന്റെ അറസ്റ്റിനെ തുടർന്ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ പഞ്ചാബിലെ അക്രമസംഭവങ്ങളിൽ പൊലീസ് തിരയുന്ന പ്രതികളാണ് ഇവർ. നാൽപതോളം ‘ഭീകരർ’ ഇമ്രാൻ ഖാന്റെ വസതിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണു പഞ്ചാബ് മന്ത്രി ആമിർ മിർ ആരോപിച്ചത്.
അതിനിടെ, അഴിമതിക്കേസിൽ ഇമ്രാൻ ഖാന്റെ ജാമ്യം 31 വരെ നീട്ടി. കേസ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. അഴിമതിക്കേസിൽ കഴിഞ്ഞ 9നാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചു രാജ്യവ്യാപകമായി നടന്ന പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു.