അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി (നാഫിസ്–ഇമിറാത്തി ടാലന്റ് കോപറ്റിറ്റീവ്നസ് കൗൺസിൽ) വൻ വിജയം. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോൾ സ്വകാര്യ മേഖലകളിൽ ജോലിക്കു ചേർന്ന സ്വദേശികളുടെ എണ്ണം 66,000 കവിഞ്ഞു. 16,000 സ്വകാര്യ കമ്പനികളിലായാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്തുവരുന്നതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.

ഈ വർഷം മാത്രം 10,500 സ്വദേശികളാണ് പുതുതായി ജോലിക്കു കയറിയത്. സ്വകാര്യമേഖലയിലെ സ്വദേശികളുടെ അനുപാതത്തിൽ ഈ വർഷം 12% വർധനയുണ്ട്. നിർമാണം മേഖല 14%, വ്യാപാരം, റിപ്പയർ 13%, ബിസിനസ്, ഉൽപാദന മേഖല 10% എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ സ്വദേശികളുടെ അനുപാതം.

50 ജീവനക്കാരിൽ കൂടുതൽ ഉള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം. 6 മാസത്തിൽ ഒരിക്കൽ ഒരു ശതമാനം വീതം (ജൂലൈ, ഡിസംബർ) പൂർത്തിയാക്കണം. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം വർഷത്തിൽ 2% വീതം 5 വർഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം 10% ആക്കുകയാണ് ലക്ഷ്യം.

സ്വദേശികളെ നിയമിക്കാത്ത കമ്പനികൾ ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം എന്ന തോതിൽ വർഷത്തിൽ 72,000 ദിർഹം പിഴ അടയ്ക്കണം. 2 സ്വദേശികളെ നിയമിക്കാത്തവർ ഇരട്ടി തുകയാണ് പിഴ അടയ്ക്കേണ്ടത്. ഇതേസമയം നിശ്ചിത അനുപാതത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നവർക്ക് സർക്കാർ ഫീസിൽ ഇളവ് ഉൾപ്പെടെ വൻ ആനുകൂല്യങ്ങളും നൽകിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *