മാഞ്ചസ്റ്റർ: ചാംപ്യൻസ് ട്രോഫി രണ്ടാംപാദ സെമിയിൽ എതിരില്ലാത്ത നാലു ഗോളുകൾ നേടി മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. മഡ്രിഡിൽ നടന്ന ആദ്യ സെമി 1–1ന് സമനിലയായിരുന്നു. വമ്പൻ വിജയത്തോടെയാണ് സിറ്റിയുടെ ഫൈനൽ പ്രവേശം 5-1ന്. ജൂൺ പത്തിന് രാത്രി തുർക്കിയിലെ ഇസ്താംബുളിൽ നടക്കുന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനാണ് സിറ്റിയുടെ എതിരാളികൾ.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന്റെ ഹെഡറുകൾ തടുത്ത് റയൽ ഗോളി തിബോ കോർട്ടിസ് കരുത്തു കാണിച്ചെങ്കിലും അധികനേരം പിടിച്ചു നിൽക്കാനായില്ല. 23–ാം മിനിറ്റിൽ ബെർണാഡോ സിൽവയിലൂടെയായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. 37–ാം മിനിറ്റിൽ സിൽവയുടെ തകർപ്പൻ ഹെഡറിലൂടെ സിറ്റി ലീഡ് രണ്ടാക്കി ഉയർത്തി. റയൽ മഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോളിലൂടെ 76–ാം മിനിറ്റിൽ മൂന്നാം ഗോൾ പിറന്നു. കളി അവസാനിക്കാന്‍ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ അർജന്റീന താരം ജൂലിയൻ അൽവാരസും (91) ലക്ഷ്യം കണ്ടു.
പകരക്കാരനായി ഇറങ്ങിയാണ് അർജന്റീന താരം സിറ്റിക്കായി ഗോൾ നേടിയത്. ജയത്തോടെ ചാംപ്യൻസ് ലീഗിൽ വേഗത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കിയ പരിശീലകനെന്ന നേട്ടം പെപ് ഗാര്‍ഡിയോളയുടെ പേരിലായി.