കോട്ടയം: 2024ൽ ലോക്സഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ 3 സീറ്റ് ചോദിക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനം. സിറ്റിങ് സീറ്റായ കോട്ടയത്തിനു പുറമേ ഇടുക്കി, പത്തനംതിട്ട സീറ്റുകൾ കൂടി ആവശ്യപ്പെടും.
കോട്ടയത്തു നിലവിലെ എംപി തോമസ് ചാഴികാടൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കും. 2019ൽ കോട്ടയത്തു ചാഴികാടൻ യുഡിഎഫ് സ്ഥാനാർഥിയായാണു ജയിച്ചത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ തുടർച്ചയായി യുഡിഎഫ് സ്ഥാനാർഥിയാണു വിജയിക്കുന്നത്. സീറ്റ് തങ്ങൾക്കു നൽകിയാൽ പത്തനംതിട്ട പിടിച്ചെടുക്കാൻ കഴിയുമെന്നാണു കേരള കോൺഗ്രസ് (എം) ഇടതുമുന്നണിക്കു നൽകുന്ന വാഗ്ദാനം.
ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ നിന്നു മന്ത്രി റോഷി അഗസ്റ്റിൻ മാത്രമാണു കേരള കോൺഗ്രസ് (എം) പ്രതിനിധിയായി നിയമസഭയിലുള്ളത്. മണ്ഡലത്തിലെ നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ എൽഡിഎഫിനാണു മുൻതൂക്കം. അതുകൊണ്ടുതന്നെ ഇടുക്കിയുടെ കാര്യത്തിൽ ഒരുപക്ഷേ പിന്നാക്കം പോയാലും കോട്ടയത്തിന്റെയും പത്തനംതിട്ടയുടെയും കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണു പാർട്ടി തീരുമാനം.