കല്ലമ്പലം; പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു മുമ്പ് 10 പേർക്ക് ജീവനേകി സാരംഗ് മരണത്തിനു കീഴടങ്ങി. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബി.ആർ.സാരംഗ് (16) അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽക്കുകയായിരുന്നു.

കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി ഹൃദയം ഇന്നലെതന്നെ കൊണ്ടുപോയിരുന്നു. അവയവമാറ്റ നടപടികൾ പൂർത്തിയായശേഷം ഇന്നു ഉച്ചയ്ക്കു 12.30നു മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന്.
കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനായ സാരംഗ് കഴിഞ്ഞ 6 നു വൈകിട്ട് 3 ന് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്തായിരുന്നു അപകടം.

കേരള ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങൽ മാമത്തു നടത്തുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്ന സാരംഗിനു ഫുട്ബോൾ താരമാകാനായിരുന്നു ആഗ്രഹം. ആശുപത്രിയിൽ കഴിയവേ, ഫുട്ബോൾ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം സാരംഗ് പങ്കുവച്ചിരുന്നു. ഏക സഹോദരൻ: യശ്വന്ത്.

Leave a Reply

Your email address will not be published. Required fields are marked *