മസ്കറ്റ്: യു.എ.ഇ നഗരങ്ങളിൽനിന്ന് ഒമാൻ അതിർത്തിയിലേക്ക് ആഡംബര ട്രെയിനിന് തുടക്കമിട്ട് ഇത്തിഹാദ് റെയിൽ. ഇറ്റാലിയൻ ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്സനാലെയുമായി യു.എ.ഇ നാഷനൽ റെയിൽ നെറ്റ്വർക്ക് ഡെവലപ്പറും ഓപറേറ്ററുമായ ഇത്തിഹാദ് റെയിൽ കരാർ ഒപ്പുവെച്ചു.
അബൂദബി, ദുബൈ എന്നീ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ ഒമാൻ അതിർത്തിയിലെ പർവതങ്ങളും ലിവ മരുഭൂമിയുമുള്ള ഫുജൈറയിലാണ് എത്തിച്ചേരുക. യു.എ.ഇയുടെ റെയിൽവേ ശൃംഖല വികസിപ്പിക്കുന്നതിന് മൊറോക്കോയുടെ നാഷനൽ റെയിൽവേ ഓഫിസുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് റെയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മിഡിലീസ്റ്റ് റെയിൽ എക്സിബിഷന്റെയും കോൺഫറൻസിന്റെയും ഭാഗമായി ഇത്തിഹാദ് റെയിൽ സി.ഇ.ഒ ഷാദി മലക്കും നാഷനൽ റെയിൽവേ ഓഫിസ് ജനറൽ ഡയറക്ടർ മുഹമ്മദ് റാബി ഖിലിയുമാണ് കരാറിൽ ഒപ്പുവച്ചത്.