കേരളത്തിലെ 5409 ആരോഗ്യ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വൈകാതെ ടെലിമെഡിസിൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയതോടെ സബ്‌സെന്ററുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു. ആഴ്ചയിൽ ആറു ദിവസവും ഒമ്പതു മണി മുതൽ നാലു മണിവരെ പ്രവർത്തിക്കും. ഇതോടെ കൂടുതൽ സേവനങ്ങൾ നൽകാൻ സാധിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉപകേന്ദ്രങ്ങൾ സ്മാർട്ടായി മാറുകയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പതുതരം ലാബ് പരിശോധനകളും എലിപ്പനി പ്രതിരോധ മരുന്ന് ഉൾപ്പെടെ 36 തരം മരുന്നുകളും ലഭ്യമായിരിക്കും. കേരളത്തിലെ ആരോഗ്യമേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിർത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *