തിരുവനന്തപുരം: വിൽപനക്കായി എത്തിച്ച 90 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ക്ക് അന്തർ സംസ്ഥാന ബന്ധം ഉണ്ടെന്ന വ്യക്തമായി. ഇതിനെ തുടർന്ന് കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് എക്സൈസ് സംഘം ആവശ്യപ്പെട്ടു. ഇതംഗീകരിച്ച ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണു പ്രതികളെ ഈ മാസം 22 വരെ കസ്റ്റഡിയില്‍ വിട്ടു. കേസിൽ രണ്ടാം തവണയാണ് കോടതി പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുന്നത്.

പ്രതികളുടെ അന്തർസംസ്ഥാന ബന്ധം ബോധ്യമായതിനാല്‍ പ്രതികള്‍ക്ക് ഇതിനു മുമ്പും വിപണനത്തിന് ആവശ്യമായ കഞ്ചാവ് മറ്റാരെങ്കിലും എത്തിച്ചു കൊടുത്തിട്ടുണ്ടോ എന്നും പ്രതികളില്‍ നിന്ന് ഏതെല്ലാം ചില്ലറ വില്‍പ്പനക്കാരാണ് കഞ്ചാവ് നിരന്തരം വാങ്ങി വരുന്നതെന്നതടക്കമുളള കാര്യങ്ങള്‍ വിശദമായി അന്വേഷണം നടത്തേണ്ടതുളളതിനാല്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികളെ ഒരിക്കല്‍ കസ്റ്റഡിയില്‍ വിട്ടതിനാല്‍ വീണ്ടും കസ്റ്റഡി വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന്‌ പ്രതിഭാഗം ശക്തമായി വാദിച്ചു.

ജഗതി സത്യനഗര്‍ സ്വദേശിയായ ബോള്‍ട്ട് അഖില്‍ എന്ന അഖില്‍.ആര്‍.ജി, തിരുവല്ലം കരിങ്കടമുകള്‍ സ്വദേശി യമഹ രതീഷ് എന്ന രതീഷ്.ആര്‍, തിരുവല്ലം മേനിലം ചെമ്മണ്ണ് വിള സ്വദേശി ചൊക്കന്‍ രതീഷ് എന്ന രതീഷ്.എസ്.ആര്‍, കല്ലിയൂര്‍ മുതുവക്കോണത്ത് സ്വദേശി ബോലേറാ വിഷ്ണു എന്ന വിഷ്ണു എന്നിവരാണ് കേസിലെ പ്രതികള്‍. ഒഡീഷയില്‍ നിന്ന് നാല് ലക്ഷം രൂപയക്ക് വാങ്ങിയ കഞ്ചാവാണ് പ്രതികളില്‍ നിന്ന് മേയ് ഏഴിന് കണ്ണേറ്റുമുക്കില്‍ വച്ച് എക്‌സസെസ് സംഘം പിടികൂടിയത്.

ചില്ലറ വില്‍പ്പനയ്ക്കുളള കഞ്ചാവ് അഖിലിന്റെ വീട്ടില്‍ സൂക്ഷിക്കുന്നതിനായാണ് കൊണ്ടുവന്നത്. കഞ്ചാവ് കടത്തികൊണ്ട് വരുമ്പോള്‍ വഴിയില്‍ വാഹന പരിശോധനയില്‍ സംശയം ഉണ്ടാകാതിരിക്കാന്‍ വിഷ്ണുവിന്റെ ഭാര്യയെയും കുട്ടിയെയും കൂടി കൂടെ കൂട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *