തിരുവനന്തപുരം: മൂന്നു നിലയങ്ങളിൽ നിന്ന് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് ഒപ്പു വച്ച 4 ദീർഘകാല കരാറുകൾക്കു റഗുലേറ്ററി കമ്മിഷൻ അന്തിമാനുമതി നിഷേധിച്ചു. ഇത് വൈദ്യുതി പ്രതിസന്ധിക്കിടയാക്കുമെന്ന സാഹചര്യത്തിൽ ബോർഡ് അപ്‍ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കും. ഈ ഉത്തരവു നടപ്പാക്കേണ്ടി വന്നാൽ സംസ്ഥാനത്തു ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബോർഡ് റഗുലേറ്ററി കമ്മിഷനെ സമീപിക്കും.
ടെൻഡർ നടപടികളിൽ വീഴ്ച പറ്റിയെന്നാരോപിച്ചാണ് 4 കരാറുകൾക്കു കമ്മിഷൻ അന്തിമാനുമതി നിഷേധിച്ചത്. ഈ കരാറുകളിൽ നിന്നു ബോർഡ് പിൻമാറിയാൽ 1000 കോടിയോളം രൂപ ഉൽപാദക കമ്പനികൾക്കു നഷ്ടപരിഹാരം നൽകേണ്ടി വരും. പുതിയ ദീർഘകാല കരാറിനായി ടെൻഡർ വിളിച്ചാൽ യൂണിറ്റിന് ശരാശരി 5.50 രൂപ എങ്കിലും നൽകേണ്ടി വരും. ഇത് ബോർഡിന് 350 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണു പുതിയ ടെൻഡർ വില സൂചിപ്പിക്കുന്നത്. 25 വർഷത്തെ കരാറാണ് ബോർഡ് ഒപ്പ് വച്ചത്. ഈ കരാറിൽ 7 വർഷമേ ആയിട്ടുള്ളൂ. ബാക്കി 18 വർഷത്തെ നഷ്ടം ഏകദേശം 6300 കോടി രൂപ വരും.
ഈ കരാർ അനുസരിച്ച് ഇപ്പോഴും ബോർഡ് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിൽ 350 മെഗാവാട്ടിനു യൂണിറ്റിന് 4.29 രൂപയും 115 മെഗാവാട്ടിനു 4.15 രൂപയുമാണ് വില. ഇപ്പോൾ ദീർഘകാല കരാറിനു പോയാൽ ശരാശരി 5.50 രൂപ നൽകേണ്ടി വരും.