ഹിരോഷിമ: റഷ്യയുടെ അധിനിവേശം ചെറുക്കുന്ന യുക്രെയ്നിന് ജി 7 രാഷ്ട്രത്തലവൻമാരുടെ ഉറച്ച പിന്തുണ. ഹിരോഷിമയിൽ ജി 7 ഉച്ചകോടി നടക്കുന്ന വേദിയിൽ പിന്തുണ തേടിയെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിക്കാണ് ഉറപ്പു ലഭിച്ചത്. യുക്രെയ്നിലെ ബഹ്മുത് നഗരം പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ട റഷ്യയ്ക്ക് ഉച്ചകോടി നൽകിയ മറുപടി കൂടിയായിരുന്നു ഈ പിന്തുണ.
ബഹ്മുത് നഗരത്തെ റഷ്യ ശവപ്പറമ്പാക്കി മാറ്റിയെന്നു സെലെൻസ്കി ആരോപിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിരോഷിമയിൽ സംഭവിച്ചതിനു സമാനമായ നാശമാണ് ബഹ്മുതിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 375 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ കഴിയുന്ന സഹായമെല്ലാം ചെയ്യുമെന്നും ഒരുതരത്തിലുമുള്ള പിന്നോട്ടുപോക്കുണ്ടാകില്ലെന്നും സെലെൻസ്കിക്ക് ബൈഡൻ ഉറപ്പുനൽകി.
യുക്രെയ്നിന്റെ പ്രതിരോധത്തിന് പിന്തുണ നൽകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും വ്യക്തമാക്കി. ഭാവിയിൽ യുദ്ധത്തിന് സാധ്യത നിലനിർത്തുന്ന ഒത്തുതീർപ്പിനു വഴങ്ങരുതെന്നാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സെലെൻസ്കിയോട് ആവശ്യപ്പെട്ടത്.