കായംകുളം: കരീലകുളങ്ങരയിലുള്ള മോട്ടോർ സൈക്കിൾ ഷോറൂമിൽനിന്ന് എൻജിൻ ഓയിൽ, സ്പെയർപാർട്സ് തുടങ്ങിയവ മോഷ്ടിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കരുവാറ്റ താമല്ലക്കൽ സ്വദേശിയായ സോമൻ(58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുവർഷമായി ഇവിടത്തെ സുരക്ഷ ജീവനക്കാരനായിരുന്നു.
എൻജിൻ ഓയിൽ, സൈഡ് വ്യൂ മിറർ, ബാറ്ററി, ചെയിൻ എന്നിവയുടെ സ്റ്റോക്കിലെ കുറവിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷണം വ്യക്തമായത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. സി.സി ടി.വി തുണി ഉപയോഗിച്ച് മറച്ചായിരുന്നു മോഷണം.
ഏകദേശം അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ ഒരു വർഷത്തിനിടെ മോഷണം പോയതായി ഷോറൂം അധികൃതർ അറിയിച്ചു. സബ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ്മോൻ, സിവിൽ പൊലീസ് ഓഫിസർ പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.